എഎ റഹീം

ഒരു തെമ്മാടിക്കൂട്ടത്തിന്റെ ഹര്‍ത്താല്‍ അക്രമങ്ങളെ വിശുദ്ധമെന്നു ബ്രാന്‍ഡ് ചെയ്തതു മീഡിയവണ്‍ എന്ന മൗദൂദിയന്‍ മാധ്യമമാണ്. കേരളത്തിന്റെ മതേതര പൊതുബോധത്തിനു നേര്‍ക്ക് കല്ലെറിഞ്ഞ അക്രമി സംഘത്തെ ജനകീയ സമരത്തിന്റെ പോരാളികളായി മീഡിയ വണ്‍ അവതരിപ്പിച്ചു.

തക്ബീര്‍ വിളികളുമായി തെരുവിറങ്ങിയ ക്രിമിനല്‍ സംഘം അടഞ്ഞുകിടന്ന കടകള്‍ കൊള്ളയടിക്കുമ്പോള്‍ മൗദൂദിയന്‍ മാധ്യമപ്രവര്‍ത്തകര്‍ ഗ്യാലറിയിരുന്നു, ആര്‍പ്പുവിളികളോടെ ഗ്രൗണ്ട് സപ്പോര്‍ട് നല്‍കി. നാഥനില്ലാത്ത ഹര്‍ത്താലിനെ ‘ജനകീയമെന്നു’ആവര്‍ത്തിച്ചു ഓരോ ബുള്ളറ്റിനിലും തങ്ങളുടെ ഹര്‍ത്താല്‍ അനുകൂല നിലപാട് മീഡിയവണ്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മുസ്ലിം പൊതുബോധ നിര്‍മിതിയില്‍ അവര്‍ ഓരോ നിമിഷവും ഇടപെട്ടു.’ഹര്‍ത്താലില്‍ ജനകീയവികാരം ആളിക്കത്തുന്നു, പിണറായി സര്‍ക്കാര്‍ ഹര്‍ത്താലിനെ അടിച്ചൊതുക്കുന്നു.’ഹര്‍ത്താലിനെ തുടര്‍ന്ന് മീഡിയാവണ്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്തകളിലൂടെ മുസ്ലിം പൊതുബോധത്തിലേക്ക് പകരാന്‍ ശ്രമിച്ചത് ഇങ്ങനെയൊരു വികാരമായിരുന്നു.

ഈ കുറിപ്പെഴുതുന്നത് മീഡിയ വണ്ണിന്റെ ഇന്നത്തെ ചര്‍ച്ചയില്‍ (ഏപ്രില്‍ 21) പങ്കെടുത്തിറങ്ങിയിട്ടാണ്.ഇന്ന് (ഏപ്രില്‍ 21) ഉച്ചവരെ (ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്‌റ് ചെയ്യുന്നത് വരെ) മീഡിയാ വണ്ണിന് ഈ വിവാദ ഹര്‍ത്താല്‍,’ഹലാല്‍ ഹര്‍ത്താലാ’യിരുന്നു. ഇന്ന് (ഏപ്രില്‍ 21) മീഡിയാവണ്ണിന്റെ പുതിയ ഫത്വ ഇറങ്ങിയിരിക്കുന്നു അത് ‘ഹറാം ഹര്‍ത്താല്‍’ ആയിരുന്നത്രേ!. സംഘപരിവാര്‍ സൃഷ്ടിയായ ഹര്‍ത്താല്‍ ഹറാമെന്നു മൗദൂദികള്‍ തീര്‍ച്ചപ്പെടുത്തിയ സാഹചര്യത്തില്‍, സംഘികളുടെ ഹര്‍ത്താലിനെ വിജയിപ്പിക്കാന്‍ ‘ഓവര്‍ടൈം’ പണിയെടുത്ത സ്വന്തം ചാനലിനെ ഹറാം/ ഹലാല്‍ ഇതില്‍ ഏതു ഗണത്തില്‍ ഉള്‍പ്പെടുത്തണം എന്നുകൂടി ഒന്ന് തെര്യപ്പെടുത്തി തരണമെന്ന് മൗദൂദി ചാനലിന്റെ അമീറിനോട് ഒരപേക്ഷയുണ്ട്…

കാശ്മീറിലെ പെണ്‍കുരുന്നിനെ മതഭ്രാന്തന്മാര്‍ പിച്ചിച്ചീന്തിയത് കാമ വെറിയാലായിരുന്നില്ല, വംശ വെറിയാല്‍ തന്നെയാണ്. കാലങ്ങളായി സംഘപരിവാര്‍ ഇന്ത്യയില്‍ നാട്ടുനനച്ചു വളര്‍ത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് കത്വയില്‍ നാം കണ്ടത്. ഗാന്ധി മുതല്‍ ഗൗരിലങ്കേഷ് വരെയുള്ളവര്‍ക്ക് നേരെ തോക്കുകള്‍ നീണ്ടതും മറ്റൊന്നും കൊണ്ടല്ല.’വെറുപ്പ്’, ഒരു സാംക്രമിക രോഗം പോലെ ആര്‍.എസ്.എസ് പടര്‍ത്തുന്നു.

രാപ്പകലില്ലാതെ സംഘപരിവാറിന്റെ ബൗദ്ധിക ഫാക്ടറികള്‍ പണിപ്പെടുന്നത് മതേതരത്വത്തിന് മുകളില്‍ മതധ്രുവീകരണത്തിന്റെ ആധിപത്യം യാഥാര്‍ഥ്യമാക്കാന്‍ മാത്രമാണ്. ഹിന്ദു മാത്രം സംഘടിച്ചാല്‍ മതധ്രുവീകരണം എളുപ്പമാകില്ല, മറുവശവും സംഘടിക്കണം. പരസ്പരം ഏറ്റുമുട്ടികൊണ്ടേയിരിക്കണം, ചോരയൊഴുകണം..വെറുപ്പിന്റെ അണുക്കള്‍ എല്ലാ മസ്തിഷ്‌കങ്ങളിലേക്കും സംക്രമിക്കണം. ഇതിനാണ്, ഇതിനു മാത്രമാണ് സംഘപരിവാര്‍ വിയര്‍പ്പൊഴുക്കുന്നത്.

യുദ്ധം പ്രഖ്യാപിക്കാന്‍ അപ്പുറത്തൊരു അപരനുണ്ടാകണം. അതാണ് ഫാസിസത്തിന് വളരാനെളുപ്പം. കേരളത്തില്‍ അപരന്റെ വേഷംകെട്ടിയാടുകയാണ് പോപ്പുലര്‍ ഫ്രണ്ട്മൗദൂദിയന്‍ ‘കലാകാരന്മാര്‍’. സംഘപരിവാറിന്റെ പദ്ധതികള്‍ വിജയിപ്പിക്കുന്ന ആഘോഷ കമ്മിറ്റിക്കാര്‍. വേണ്ടിവന്നാല്‍ തട്ടില്‍ കയറി കളിക്കാനും കമ്മിറ്റിക്കാര്‍ തയ്യാര്‍…!!

കാശ്മീരിലെ ക്രൂരതകള്‍ പുറംലോകം അറിഞ്ഞുതുടങ്ങിയതില്‍ പിന്നെ നിരായുധരായി പിന്മാറിയ സംഘപരിവാറിനെ കൈപിടിച്ച് തിരികെ തട്ടില്‍ കയറ്റി ധൈര്യം കൊടുത്തത്,ഈ ആഘോഷകമ്മിറ്റിക്കാരാണ്. പതിനാറാം തീയതി പോപ്പുലര്‍ ഫ്രണ്ട് വിജയിപ്പിക്കാനിറങ്ങിയ സംഘപരിവാര്‍ ഹര്‍ത്താലിന് ശേഷമാണ് ബിജെപി യുടെ ശബ്ദം മാധ്യമങ്ങളില്‍ വീണ്ടും കേള്‍ക്കാന്‍ തുടങ്ങിയത്, വര്‍ഗീയപ്രചരണവുമായി വീണ്ടും അവര്‍ തെരുവിലേക്കിറങ്ങിയതും.

ഹര്‍ത്താല്‍ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോള്‍ തന്നെ, ഉത്തരവാദപ്പെട്ട എല്ലാ മാധ്യമങ്ങളും, സമൂഹത്തോട് ഉത്തരവാദിത്വമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താല്‍ വ്യാജമാണെന്ന് മുന്നറിയിപ്പ് നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു. ഹര്‍ത്താല്‍ മറവില്‍ അക്രമങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ എന്താണ്, ഏതു ശക്തികളാണ് ഇതിനു പിന്നിലെന്ന് ജനങ്ങള്‍ സംശയിച്ചു നില്‍ക്കുമ്പോള്‍ മൗദൂദിയന്‍ വാര്‍ത്താകേന്ദ്രം ‘ഔദ്യോഗികമായി സ്ഥിരീകരണം’നല്‍കിനടക്കുന്നത്,’ജനകീയാഹര്‍ത്താല്‍’. ആഘോഷകമ്മിറ്റി സജീവമായി,’ജനകീയ ഹര്‍ത്താല്‍’വാര്‍ത്തകള്‍ വീര്യം ഒട്ടും ചോര്‍ന്നുപോകാതെ ഓരോ നിമിഷവും പ്രേക്ഷകരിലേക്കെത്തിച്ചു.

മറ്റെല്ലാ മാധ്യമംങ്ങളെയും പോലെ മീഡിയാ വണും ആദ്യം റിപ്പോര്‍ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജഹര്‍ത്താല്‍ എന്ന് തന്നെയായിരുന്നു. ഹര്‍ത്താല്‍ ദിവസം രാവിലെയുള്ള ബുള്ളറ്റിനുകളിലും തത്സമയ വിവരണങ്ങളിലും വ്യാജഹര്‍ത്താല്‍ എന്ന് തന്നെ മറ്റ് ചാനലുകളിലെന്നപോലെ വാര്‍ത്ത നല്‍കിയ മീഡിയാവണ്‍ പൊടുന്നനെ നിലപാട് മാറ്റി. ജനകീയ ഹര്‍ത്താല്‍ എന്ന് മാറ്റിപറയാന്‍ തുടങ്ങി. എന്ത് കണ്ടിട്ടായിരുന്നു ഈ മാറ്റം?. ചില പോക്കറ്റുകളില്‍ മാത്രം നടന്ന ഹര്‍ത്താല്‍. മഹാഭൂരിപക്ഷം സ്ഥലങ്ങളില്‍ ജനജീവിതം സാധാരണഗതിയില്‍ തന്നെയായിരുന്നു. കൂടുതല്‍ ജില്ലകളിലും ചെറു ചലനം പോലും ഉണ്ടാക്കാന്‍ ഹര്‍ത്താലിന് സാധിച്ചതേയില്ല. ഹര്‍ത്താല്‍ ദുരുദ്ദേശമുള്ളതും ഇത് തീക്കളിയുമാണെന്നു കേരളത്തിലെല്ലാപേരും തിരിച്ചറിഞ്ഞപ്പോഴാണ് മീഡിയാവണ്‍ ഹര്‍ത്താലിനെ ജനകീയമെന്നു വിശേഷിപ്പിക്കാന്‍ തുടങ്ങിയത് ! ഇതാണ് അപകടകരമായ വസ്തുത

തക്ബീര്‍ വിളികളുമായി തെരുവില്‍ ഇറങ്ങിയവര്‍ പലയിടത്തും മതം നോക്കി വാഹനങ്ങള്‍ തടഞ്ഞു. കടകള്‍ കൊള്ളയടിച്ചു. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ദയാരഹിതമായി ഈ വര്‍ഗീയക്കളിയെ അടിച്ചൊതുക്കണമെന്നു പറയാനുള്ള ഉത്തരവാദിത്വം മറ്റാരേക്കാളും മുസ്‌ലിം ഉടമസ്ഥതയിലുള്ള മീഡിയാവണ്ണിനായിരുന്നു. ഇസ്‌ലാമിന്റെ മുഖം മൂടിയണിഞ്ഞു വര്‍ഗീയ കലാപത്തിന് ഒരു വിഭാഗം ശ്രമം നടത്തുമ്പോള്‍ തള്ളിപ്പറയാനുള്ള ബാധ്യത ഏറ്റെടുക്കേണ്ടത് ആ സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ്. ഹര്‍ത്താലില്‍ കണ്ട വര്‍ഗീയപ്രവണതകളെ അപലപിച്ചാണ് മീഡിയവണ്‍ വാര്‍ത്ത വായിച്ചതെങ്കില്‍ മാതൃകാപരവും പ്രശംസനീയവുമായി ആ നിലപാട് ചരിത്രം അടയാളപ്പെടുത്തുമായിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ രാത്രി മീഡിയാവണ്‍ സ്‌പെഷ്യല്‍ എഡിഷനില്‍ ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയകലാപത്തിനു നടത്തിയ ശ്രമങ്ങളെ വാഴ്ത്തിയത്,’കേരളത്തിന്റെ രോഷം’എന്നായിരുന്നു.അന്നും തുടര്‍ ദിവസങ്ങളിലും മീഡിയാവണ്‍ പ്രക്ഷേപണം ചെയ്ത ഓരോ ബുള്ളറ്റിനിലും ഹര്‍ത്താലിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമം തുടര്‍ന്നു. ശക്തമായ പോലീസ് നടപടികള്‍ക്കെതിരെ ഇരവാദമുയര്‍ത്തി.

താനൂരില്‍ അടച്ചിട്ട കടകള്‍ കുത്തിത്തുറന്ന് കൊള്ള നടത്തിയ സംഭവം അത്യധികം അപലപിക്കപ്പെട്ടു. മന്ത്രി കെ ടി ജലീലും സ്ഥലം എം എല്‍ എ അബ്ദുറഹ്മാനും താനൂരിന്റെ മുറിവുണക്കാന്‍ മാതൃകാപരമായ ഇടപെടല്‍ നടത്തി. എന്നാല്‍ മീഡിയ വണ്‍ വാര്‍ത്ത നോക്കൂ…
(വാര്‍ത്തയുടെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.)

അവിടെ അക്രമിക്കപ്പെട്ടതില്‍ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീങ്ങളുടെ കടകളും ഉണ്ടെന്നാണ്. പക്ഷെ കൊള്ളയടിക്കപ്പെട്ടത് മൂന്നുകടകള്‍ മാത്രമാണെന്ന സത്യം സമര്‍ഥമായി ഈ വാര്‍ത്തയില്‍ മറച്ചുവയ്ക്കുന്നു. താനൂരില്‍ ആകെ പത്തൊന്‍പത് കടകള്‍ക്കു നാശനഷ്ടമുണ്ടായി. അതില്‍ എല്ലാമതവിഭാഗത്തില്‍ പെട്ടവരുടേതുമുണ്ട്. പോലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ കല്ലേറിലും സംഘര്‍ഷത്തിലുമാണ് മറ്റുകടകള്‍ക്കു നാശനഷ്ടമുണ്ടായത്. സമൂഹത്തോട് ഉത്തരവാദിത്തമില്ലാത്ത ഒരാള്‍ക്കൂട്ടം തെരുവിലിറങ്ങിയാല്‍ ഇതൊക്കെ സംഭവിക്കും. അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്തു. വര്‍ഗീയത ഭ്രാന്തായാല്‍ കണ്ണില്‍ കണ്ടതെന്തും അവര്‍ ആക്രമിക്കും.എന്നാല്‍ ഈ മൂന്നു കടകളും അങ്ങനെയല്ല. കുത്തിത്തുറന്ന് കൊള്ളയടിക്കുകയായിരുന്നു.ആകടകളാണ് മന്ത്രിസന്ദര്‍ശിച്ചതും. വര്‍ഗീയമായി അക്രമം നടത്തിയവരെ,തള്ളിപ്പറയുന്നതിനുപകരം ന്യായീകരിക്കുന്ന ഈ മൗദൂദിയന്‍ മാധ്യമ ശൈലി തെരുവില്‍ നടന്ന അക്രമണങ്ങളെക്കാള്‍ അപകടകരമാണ്.

സാമൂഹ്യ വിരുദ്ധര്‍ ആണ് അക്രമം നടത്തിയതെന്നും മീഡിയാവണ്‍ റിപ്പോര്‍ട്ടര്‍ പറയുന്നു.ആ സാമൂഹ്യവിരുദ്ധ ആക്രമണങ്ങള്‍ തന്നെയാണ് നിങ്ങള്‍,നിങ്ങള്‍മാത്രം ന്യായീകരിച്ചത്.താനൂരില്‍ മാത്രമല്ല, കണ്ണൂരില്‍ സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ ജയിലിലായവരില്‍ ഒരാള്‍ മാലപിടിച്ചുപറിച്ച കേസില്‍ പ്രതിയാണ്. അയാളുള്‍പ്പെടെ സ്റ്റേഷനില്‍ അക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കാണിച്ചുകൊണ്ടാണ് നിങ്ങള്‍ ജനകീയാഹര്‍ത്താല്‍ എന്ന് അക്രമങ്ങളെ വിശേഷിപ്പിച്ചത്. ആസൂത്രണം ചെയ്തവരും അക്രമം നടത്തിയവരും മാത്രമല്ല, പ്രചരിപ്പിച്ച നിങ്ങളും പ്രതിചേര്‍ക്കപ്പെടേണ്ടതാണ്. ഉണ്ടായ നാശനഷ്ടങ്ങള്‍ക്കും സമൂഹത്തിലുണ്ടായ മുറിവുകള്‍ക്കും മീഡിയാ വണ്ണിനും ഉത്തരവാദിത്വമുണ്ട്.

മറ്റൊരു വാര്‍ത്തയില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ ജയിലില്‍ അടച്ചു എന്നാണാരോപണം.അക്രമിസംഘത്തെ പോലീസ് ശക്തമായി നേരിട്ടതുകൊണ്ടാണ് കലാപമായി ആളിപ്പടരാതിരുന്നത്. എല്ലാ മാധ്യമങ്ങളും പോലീസ് നടപടിയെ പൊതുവില്‍ സ്ലാഘിച്ചപ്പോള്‍ മീഡിയാ വണ്‍ ഇരവാദമുയര്‍ത്തി പ്രതിരോധം തീര്‍ത്തു.

കാസര്‍ഗോഡ് നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരുവാര്‍ത്തയില്‍, ഹര്‍ത്താലിനെതിരെ സംഘപരിവാര്‍ നടത്തിയ പ്രകടനത്തില്‍ പോപ്പുലര്‍ഫ്രണ്ടിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും എന്നിട്ടും പോലീസ് അവര്‍ക്കെതിരെ കേസ് എടുത്തില്ല എന്നുമാണ് വിമര്‍ശനം .പോര്‍വിളി പോയിട്ട് ന്യായീകരിച്ചുപോലും തലേന്നാള്‍ വരെ തെരുവിലിറങ്ങാത്ത ആര്‍എസ്എസ് എങ്ങനെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അന്ന് തെരുവിലിറങ്ങി?, നാഥനില്ലാതിരുന്ന ഒരു ഹര്‍ത്താലിനെ മത വര്‍ഗീയതയുടെ ആഘോഷമാക്കി തെരുവില്‍ അഴിഞ്ഞാടിയവര്‍, നീതീകരിക്കാനാകാത്ത അതിക്രമങ്ങളെ വാര്‍ത്തകളിലൂടെ മഹത്വവല്‍ക്കരിച്ചു
‘ഹര്‍ത്താല്‍വിജയിപ്പിക്കാന്‍’ പ്രചരണം നല്‍കിയവര്‍. അവരാണ് ആര്‍എസ്എസ്സിനു കൊലവിളിയുമായി തെരുവിലിറങ്ങാന്‍ ഇന്ധനം പകര്‍ന്നത്.

കുറ്റകരമായ ഈ മാധ്യമ പ്രവര്‍ത്തനം മൗദൂദിയന്‍ രീതിയെന്ന് മാത്രമേ പറയാന്‍ കഴിയൂ. കാരണം മീഡിയ വണ്ണില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായ നിലപാടുകള്‍ അവരുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ പ്രകടമാണ്. നിരവധിപേര്‍ സെക്കുലര്‍ നിലപാടുയര്‍ത്തിപ്പിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് ജമാഅത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ നിര്‍ദേശിക്കുന്ന മാധ്യമരീതിയാണ്. മീഡിയാവണ്ണിലെ ജോലിക്കൊപ്പം ജമാഅത്തിന് വേണ്ടി ‘ഓവര്‍ടൈം’ പണിയെടുക്കുന്നവരുടെ ഫെയ്‌സ്ബുക്കിലെ നിലപാടുകള്‍ കൂടി നിരീക്ഷിച്ചാല്‍ രോഗം മൗദൂദിയന്‍ മാധ്യമരീതിയുടേത് മാത്രമാണെന്ന് ഉറപ്പിക്കാന്‍ കഴിയും.

‘പരിവാറിന്റെ പദ്ധതിയില്‍ കേരളം കുടുങ്ങിയോ? എന്നായിരുന്നു ഇന്നത്തെ (ഏപ്രില്‍ 21) സ്‌പെഷ്യല്‍ എഡിഷനില്‍ മീഡിയവണിന്റെ ചോദ്യം കുടുങ്ങിയത് കേരളമല്ല, മീഡിയാവണ്‍ ആണ് ആര്‍.എസ്.എസ്സ് ആസൂത്രണം ചെയ്ത ഹര്‍ത്താല്‍ പോപ്പുലര്‍ ഫ്രണ്ട് തെരുവിലും ജമാഅതെ ഇസ്‌ലാമി സ്‌ക്രീനിലും ‘ഗംഭീരമാക്കിയപ്പോള്‍’ കേരളം ഒറ്റക്കെട്ടായി ആ മഹാദുരന്തത്തെ പ്രതിരോധിച്ചു. മാധ്യമ പ്രവര്‍ത്തനത്തിലെ മൗദൂദിയന്‍ പരീക്ഷണങ്ങള്‍ ഇനിയും കേരളം പ്രതീക്ഷിക്കണം. ഇവര്‍ പറയുന്ന ഓരോ വാര്‍ത്തയും കരുതലോടെ കേള്‍ക്കണം. ഓര്‍ക്കുക വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന് ഇടവേളകളില്ല വിട്ടുവീഴ്ചയുമരുത്

Comments

comments