ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനെതിരെ ചുവപ്പുകാര്‍ഡ് കിട്ടി പുറത്തായ കൊളംബിയന്‍ താരത്തിന് വധഭീഷണി. കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിനാണ് വധഭീഷണി. സോഷ്യല്‍ മീഡിയയിലൂടെ രാജ്യത്തെ അപമാനിച്ച സാഞ്ചസിനെ വെടിവച്ച് കൊല്ലണമെന്ന ആഹ്വാനം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒരു ഓണ്‍ ഗോളിനാണ് എസ്‌കോബാര്‍ മരിച്ചതെങ്കില്‍ സാഞ്ചസിനെയും കൊലപ്പെടുത്തണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ആഹ്വാനം. ഈ സന്ദേശം ട്വീറ്ററിലൂടെയാണ് പ്രചരിക്കുന്നത്. ഇതിന് ഇതുവരെ 25000ല്‍ അധികം മറുപടികള്‍ വന്നതായി പൊലീസ് പറയുന്നു.

മത്സരത്തിലെ മൂന്നാം മിനിറ്റിലാണ് പെനാല്‍റ്റി ബോക്സിനുളളില്‍ സാഞ്ചസ് ചുവപ്പ് കാര്‍ഡിന് ഇരയായ സംഭവം നടന്നത്. ജപ്പാന്റെ ഉറച്ച ഗോള്‍ ശ്രമം സാഞ്ചസ് കൈകൊണ്ട് തട്ടിയതാണ് റഫറിയെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഇതോടെ ലഭിച്ച പെനാല്‍റ്റി ജപ്പാന്‍ മുന്നേറ്റ താരം ഷിന്‍ജി കഗാവ ഗോളാക്കുകയും ചെയ്തു. ഈ മത്സരം കൊളംബിയ തോറ്റതോടെയാണ് കാര്‍ലോസിനെ വധിക്കണമെന്ന ആഹ്വാനം വന്നത്. സംഭവം കൊളംബിയന്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരികയാണ്.

ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ കാര്‍ലോസ് ഇതു വരെ രാജ്യത്തിന് വേണ്ടി 80 കളികളില്‍ ജെഴ്‌സിയണിഞ്ഞിട്ടുണ്ട്.

കൊളംബിയയുടെ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഓര്‍മ്മയാണ് ആന്ദ്രേ എസ്‌കോബാര്‍. 1994 ലെ ലോകകപ്പില്‍ അമേരിക്കക്കെതിരെ സെല്‍ഫ് ഗോളിന് കാരണമായതിന്റെ പേരില്‍ പ്രതിരോധ താരമായിരുന്ന ആന്ദ്രേ എസ്‌കോബാറിനെ മയക്കുമരുന്നുമാഫിയയും വാതുവെപ്പുകാരും കൊലപ്പെടുത്തിയിരുന്നു.

ആന്ദ്രേ എസ്‌കോബാബാറിന്റെ മരണത്തിന് കാരണമായ സെല്‍ഫ് ഗോള്‍

Comments

comments