സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ 40 സാക്ഷികളില്‍ 27 പേരും പ്രതിക്ക് അനുകൂലമായി മൊഴി നല്‍കി. എന്നാല്‍ കേസിന്റെ വിസ്താരം പ്രസീദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇക്കാര്യം ആരും അറിഞ്ഞില്ല. മുംബൈയിലെ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടന്നിരുന്നത്. സൊഹ്‌റാബുദ്ധീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും സുഹൃത്ത് തുളസി പ്രജാപതിയെയും ഗുജറാത്തിലെയും രാജസ്ഥാനിലെയും , ആന്ധ്രപ്രദേശിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണ് കേസ്. 2005 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങിയപ്പോള്‍ തന്നെ വിസ്താരവും കോടതി നടപടികളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുംബൈയിലെ പത്രപ്രവര്‍ത്തകരുടെ സംഘടന നല്‍കിയ ഹര്‍ജ്ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ആ വിലക്ക് നീക്കിയത്. കഴിഞ്ഞ രണ്ടു മാസത്തില്‍ 40 സാക്ഷികളെയാണ് ഈ കേസില്‍ വിസ്തരിച്ചത്. തുടക്കത്തില്‍ 40 സാക്ഷികളും പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നെങ്കിലും വിചാരണ വേളയില്‍ 27 സാക്ഷികള്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു.

മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് ബസില്‍ പോകുമ്പോഴാണ് സൊഹ്റാബുദ്ദീനെ സായുധപോലീസ് സംഘം പിടിച്ചുകൂടുന്നത്. പൊലീസ് തിരയുന്ന പ്രതിയായിരുന്നു സൊഹ്‌റാബുദ്ധീന്‍. തുടര്‍ന്ന് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പ്രചരിച്ചു. സംഭവത്തിന് ദൃക്സാക്ഷികളായ കൗസര്‍ബിയും പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു.

സൊഹ്റാബുദ്ദീനെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടുവെന്ന് മുമ്പ് മൊഴി നല്‍കിയ ബസ് ഡ്രൈവറും ക്ലീനറും യാത്രക്കാരും അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് വിചാരണ വേളയില്‍ കോടതിയില്‍ പറഞ്ഞത്. മാത്രമല്ല പ്രതികളായ പോലീസുകാരെ കൂറമാറിയ സാക്ഷികള്‍ തിരിച്ചറിഞ്ഞുമില്ല.

ആദ്യം ഗുജറാത്ത് സി.ഐ.ഡി. അന്വേഷിച്ചിരുന്ന സൊഹ്റാബുദ്ദീന്‍ കേസ് 2012-ലാണ് സി.ബി.ഐ. ഏറ്റെടുക്കുന്നത്. എന്നാല്‍ ഗുജറാത്തില്‍ സ്വതന്ത്രമായി വിചാരണ നടക്കില്ലെന്ന് സി.ബി.ഐ. പറഞ്ഞതിനെ തുടര്‍ന്ന് സുപ്രീംകോടതി കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റുകായിരുന്നു.

അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ 38 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 15 പേരെ നേരത്തേ തന്നെ കുറ്റവിമുക്തരാക്കി. ബാക്കിയുള്ളവര്‍ക്കെതിരേയാണ് ഇപ്പോള്‍ വിചാരണ നടക്കുന്നത്. ബി.ജെ.പി.നേതാവ് അമിത് ഷായെ കുറ്റവിമുക്തനാക്കിക്കൊണ്ട് വന്ന കീഴ്‌ക്കോടതി വിധിയില്‍ അപ്പീല്‍ പോകണമെന്ന സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജ്ജി ഇപ്പോള്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനിയിലാണ്.

Comments

comments