ഹവാല പണം വീട്ടില്‍ എത്തിച്ചുകൊടുക്കുന്ന കാലം കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ വികാസത്തിനനുസരിച്ച് ഹവാല മാഫിയയും മാറിത്തുടങ്ങിയിരിക്കുകയാണ്. നേരത്തെ ഗള്‍ഫില്‍ നിന്നും വിതരണത്തിനുള്ള ലിസ്റ്റ് കൊടുക്കുന്നതിനനുസരിച്ച് പണം ഇടപാടുകാരുടെ വീട്ടില്‍ എത്തിച്ചുകൊടുക്കാറായിരുന്നു പതിവ്.

എന്നാല്‍ അതു മാറി. ഇപ്പോള്‍ ബാങ്ക് വഴിയാണ് പണം കൈമാറുന്നത്. ബാങ്കിലെ കൗണ്ടര്‍ വഴി പണം നല്‍കിയാല്‍ നിശ്ചിത പരിധി കഴിഞ്ഞാല്‍ ഇന്‍ടംടാക്സ് വിഭാഗം അന്വേഷിക്കും. അതിനാല്‍ ബാങ്കിനു പുറത്തു സ്ഥാപിച്ച ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സി.ഡി.എം) വഴിയാണ് പണം ഇടപാടുകാര്‍ക്കു എത്തിച്ചു നല്‍കുന്നത്. ഗള്‍ഫില്‍ നിന്നും വാട്ട്സ്ആപ്പ് വഴി ബാങ്കു അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും വിദേശത്തുള്ള ഏജന്റ് നാട്ടിലുള്ള ഏജന്റിനു എത്തിക്കുകയാണ്.
ഒരു ലക്ഷം രൂപ വിതരണം ചെയ്യുന്നതിന് ഒരു പെട്ടി ക്ലിയര്‍ ചെയ്യുക എന്നാണ് മാഫിയക്കാരുടെ ഭാഷ. ഒരു ലക്ഷം മൊത്തമായി വിതരണം ചെയ്യുന്നതിന് 250 രൂപയാണ് വിതരണക്കാരന് നല്‍കുന്നത്.

എന്നാല്‍ ഒരു ലക്ഷം ചില്ലറയായി വിതരണം ചെയ്യുന്നതിന് 650 രൂപ നല്‍കും. വിതരണം ചെയ്യുന്ന വിഭാഗം ക്ലിയര്‍ ചെയ്യുന്ന സെക്ഷന്‍ എന്നാണ് അറിയപ്പെടുന്നത്. ബാങ്കു വഴി വിതരണം ചെയ്യാന്‍ ചിലപ്പോള്‍ വിതരണക്കാര്‍ വിദ്യാര്‍ത്ഥികളേയും ഏല്‍പിക്കാറുണ്ട്. 200 രൂപയാണ് സി.ഡി.എം വഴി ഒരു ലക്ഷം ഇടപാടുകാര്‍ക്ക് എത്തിക്കുന്നതിന് കൂലിയായി നല്‍കുന്നത്. 49000 രൂപവരെ ഒരു ദിവസം ഒരു അക്കൗണ്ടിലേക്ക് ആര്‍ക്കും നിക്ഷേപിക്കാം. നിക്ഷേപകന്റെ വിവരങ്ങള്‍ ഡി.ഡി.എമില്‍ നല്‍കേണ്ടതില്ല. ഏതെങ്കിലും ഒരു ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ മാത്രം മതി. അതിനാല്‍ സി.ഡി.എമ്മാണ് എല്ലാവരും ആശ്രയിക്കുന്നത്. വീട്ടില്‍ കൊണ്ടുപോയി കൊടുക്കുന്നത് കുറഞ്ഞുവരികയാണ്.

ബാങ്കിലെ കൗണ്ടര്‍വഴി പണം നല്‍കുകയാണെങ്കില്‍ പണം നല്‍കുന്ന വ്യക്തിയുടെ വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്‍കേണ്ടിവരും. മാത്രമല്ല ഇന്‍കം ടാക്സ് വിഭാഗത്തിന്റെ അന്വേഷണം നേരിടുകയും ചെയ്യേണ്ടിവരും. ഇതെല്ലാം മറികടക്കാനും സുരക്ഷിതമായി പണം ഇടപാടുകാര്‍ക്ക് എത്തിക്കാനും സി.ഡി.എമ്മാണ് എല്ലാവരും ഉപയോഗിക്കുന്നത്.
എന്നാല്‍ ഹവാല മാഫിയ വ്യാപകമായ സ്ഥലങ്ങളില്‍ ബാങ്കുകള്‍ സി.ഡി.എം ധാരാളം സ്ഥാപിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രധാന ഹവാല കേന്ദ്രമായ കൊടുവള്ളിയില്‍ എസ്.ബി.ഐക്കും ഫെഡറല്‍ ബാങ്കിനും സി.ഡി.എം സൗകര്യമുണ്ട്.

എന്നാല്‍ സാധാരണ ഇടപാടുകാര്‍ ഇവിടെ പണം നിക്ഷേപിക്കാന്‍ എത്തിയാല്‍ അതിനു കഴിയാത്ത അവസ്ഥയാണ്. ഹവാലക്കാര്‍ക്കുള്ള ഇടപാടുകള്‍ കഴിഞ്ഞ ശേഷമേ മറ്റുള്ളവര്‍ക്കു പണം നിക്ഷേപിക്കാന്‍ കഴിയൂ. പെട്ടെന്ന് പണം നിറയുന്നതിനാല്‍ ചിലപ്പോള്‍ സി.ഡി.എം പ്രവര്‍ത്തന രഹിതമാവുകയും ചെയ്യും. മണിക്കൂറുകളോളം ക്യൂ നിന്നാല്‍ മാത്രമേ ഇവിടെ സാധാരക്കാരനു പണം നിക്ഷേപിക്കാന്‍ കഴിയൂ. ബാഗില്‍ പണവുമായി വന്നു മണിക്കൂറുകളോളം സി.ഡി.എമ്മില്‍ നില്‍ക്കുന്ന വിതരണക്കാര്‍ കൊടുവള്ളിയിലെ സ്ഥിരം കാഴ്ചയാണ്.

എന്നാല്‍ ഇത്തരം വിതരണക്കാരെ പിടിക്കാനോ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ ഒരു പൊലീസും രംഗത്തു വരാറില്ല. പകല്‍വെളിച്ചത്തില്‍ പരസ്യമായി രാജ്യവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്നവരെ പിടികൂടാന്‍ ഒരു നിയമപാലകനു ധൈര്യമില്ല. ഇവരില്‍ നിന്നെല്ലാം മാസം തോറും വിഹിതം വാങ്ങുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍. ഹവാലക്കെതിരേ നടപടി സ്വീകരിക്കുന്ന പൊലീസുകാര്‍ ആരെങ്കിലും വന്നാല്‍ ഇവരുടെ രാഷ്ട്രീയ സ്വാധീനത്താല്‍ അവരെല്ലാം ഉടര്‍ സ്ഥലം മാറിപ്പോവുകയോ ഇവരുടെ ചൊല്‍പിടിക്കു കീഴടങ്ങുകയാ ആണ് പതിവ്.

പൊലീസുകാരുടെ സഹകരണമുള്ളതുകൊണ്ടാണ് ഇത്ര പരസ്യമായി ഈ കുഴല്‍ പണ മാഫിയ പ്രവര്‍ത്തിക്കുന്നത്. വിതരണം ചെയ്യുന്ന പണവും ഇടപാടുകാരുടെ വിവരവും മുഖ്യ ഏജന്റിന്റെ അഡ്രസുമെല്ലാം തെളിവുസഹിതം പിടിക്കാന്‍ ഈ സി.ഡി എമ്മില്‍ വന്നാല്‍ മതിയാവും. എന്നാല്‍ ഇതുവരെ ആരേയും പിടിച്ചിട്ടില്ല.

Comments

comments