യൂബറിന്റെ തലപ്പത്ത് മലയാളി;  ഇന്ത്യ-ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി പ്രദീപ് പരമേശ്വരന്‍

ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍ ടെക്‌നോളജീസിന്റെ ഇന്ത്യ- ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി മലയാളിയായ പ്രദീപ് പരമേശ്വരന്‍ നിയമിതനായി. യൂബറിന്റെ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദീപ് നേതൃത്വം നല്‍കുമെന്ന് കമ്പനിയുടെ ഏഷ്യ പസഫിക് മേധാവി അമിത് ജെയിന്‍ അറിയിച്ചു.

അമിത് ജെയിനായിരുന്നു ഇതുവരെ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹത്തിന് ഏഷ്യ പസഫിക്കിന്റെ ചുമതല ലഭിച്ചതോടെയാണ് പ്രദീപ് പരമേശ്വരന്‍ യൂബര്‍ ഇന്ത്യയുടെ തലപ്പത്തേക്ക് എത്തുന്നത്.

മെക്കന്‍സിയിലായിരുന്ന പ്രദീപ്  2017 ജനുവരിയിലാണ്  യൂബറിലെത്തുന്നത്. ഇന്ത്യയില്‍ ആദ്യമായി ടാക്‌സി സേവനത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷാ പദ്ധതി അവതരിപ്പിച്ചത് പ്രദീപിന്റെ നേതൃത്വത്തിലാണ്.

ഗതാഗത രംഗത്ത് സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്നും, മലിനീകരണം കുറഞ്ഞ, ട്രാഫിക് കുറഞ്ഞ, പാര്‍ക്കിങ്ങിന് അധികം സ്ഥലം ആവശ്യമില്ലാത്ത ഒരു ഭാവി, വരും തലമുറയ്ക്ക് സമ്മാനിക്കുകയാണ് യൂബറിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രധാന എതിരാളികളായ,  ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുള്ള ഒല കാബ്‌സിനെ യൂബര്‍ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രദീപ് കമ്പനിയുടെ തലപ്പെത്തുന്നത്.