വ്യാപാര യുദ്ധം മുറുകുന്നു, 30 അമേരിക്കൻ ഉൽപന്നങ്ങളുടെ തീരുവ ഇന്ത്യ കൂട്ടി

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുപ്പതിൽപരം ഉത്പന്നങ്ങളുടെ തീരുവ ആഗസ്റ്റ് നാല് മുതൽ
കൂടും. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ കർശന നിബന്ധനകൾക്ക് തിരിച്ചടിയായാണ് ഈ നീക്കം. ഉണക്കിയ പഴങ്ങൾ, പ്രത്യേക തരം ചെമ്മീൻ, രാസവസ്തുക്കൾ, 800 സി സിക്ക് മുകളിലുള്ള മോട്ടോർ ബൈക്കുകൾ, ലബോറട്ടറി ഉപകരണങ്ങൾ, ആപ്പിൾ തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് ഇന്ന് മുതൽ കൂടിയ ഇറക്കുമതി തീരുവ ഈടാക്കുക. ചില ഉത്പന്നങ്ങളുടെ ഡ്യൂട്ടി 50 ശതമാനം വരെ കൂടും.

നേരത്തെ ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങളുടെ തീരുവ വാഷിംഗ്‌ടൺ വൻ തോതിൽ കൂട്ടിയിരുന്നു. ഇന്ത്യയെ ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും അമേരിക്ക ചെവിക്കൊണ്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ ഉത്പന്നങ്ങൾക്ക് തീരുവ കൂട്ടിയിരിക്കുന്നത്.