ഉള്ള സ്വത്ത് വിറ്റ് കടം തീർക്കാൻ തയ്യാർ, അതിന് അനുമതി നൽകണം : വിജയ് മല്യ

ഉള്ള സ്വത്തുക്കൾ എല്ലാം വിറ്റ് കടബാധ്യതകൾ തീർക്കാൻ ഒരുങ്ങി മദ്യരാജാവ് വിജയ് മല്യ. 13,900 കോടി രൂപയുടെ സ്വത്തുക്കളാണ് തനിക്കുള്ളതെന്നും അത് വിറ്റ് കടം തീർക്കാൻ ഒരുക്കമാണെന്നും മല്യ അറിയിച്ചു. ഇതിനായി സ്വത്തുക്കൾ വിൽക്കാനുള്ള അനുമതിക്കായി കർണാടക ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞു .

പലിശ സഹിതം 9000 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17
ബാങ്കുകളുടെ ഒരു കൺസോർഷ്യത്തിന് മല്യ കൊടുത്തു തീർക്കേണ്ടത്.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ബാങ്കുകളെ കബളിപ്പിച്ച് പണം തട്ടുന്ന വിരുതൻ എന്ന പ്രതിച്ഛായ തനിക്ക് ചാർത്തി തന്നുവെന്നും കഴിഞ്ഞ ദിവസം മല്യ പ്രസ്താവന ഇറക്കിയിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് മല്യ കത്ത് നൽകിയിട്ടുണ്ട്.

മല്യയുടെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബോംബെ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് വിജയ് മല്യ സെറ്റിൽമെന്റിനുള്ള നീക്കം നടത്തുന്നത്.  വൻ കടബാധ്യതയെ തുടർന്ന് കിംഗ് ഫിഷർ എയർ ലൈൻസ് പ്രവർത്തനം നിർത്തിയപ്പോൾ വിജയ് മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു.