വാഹനപ്രേമികള്‍ ആഗ്രഹിച്ചിരുന്ന മാറ്റവുമായി ആള്‍ട്ടോ; വരുന്നു ഉടച്ചുവാര്‍ത്ത് ഇമ്മിണി കേമനൊന്ന്!

മാരുതിയോടുള്ള ഇന്ത്യന്‍ വിപണിയുടെ പ്രണയം ശ്രദ്ധേയമാണ്. പല വമ്പന്‍ മോഡലുകള്‍ വിപണിയില്‍ എത്തിട്ടും ആ താല്പര്യത്തിന് കാര്യമായ കോട്ടം ഒന്നും ഉണ്ടാക്കിയിട്ടുമില്ല. സുരക്ഷ നല്‍കുന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ചില പൊട്ടലും ചീറ്റലും ഉണ്ടെങ്കിലും മാരുതി വില്‍പ്പനയിലും മുന്നിലാണ്.

മാരുതിയുടെ ജനപ്രിയ മോഡല്‍ ആള്‍ട്ടോ വിപണിയില്‍ ഹിറ്റായ മോഡലാണ്. ഇന്ത്യയില്‍ വില്‍പ്പനയിലും മോഡല്‍ മുന്നില്‍ തന്നെ. 2000 സെപ്തംബറിലാണ് ആള്‍ട്ടോ ഹാച്ച്ബാക്കിനെ മാരുതി ഇന്ത്യയില്‍ കൊണ്ടുവന്നത്. ഇതുവരെ വിപണിയില്‍ വിറ്റുപോയത് 35 ലക്ഷത്തില്‍പ്പരം ആള്‍ട്ടോ കാറുകള്‍. വര്‍ഷങ്ങള്‍ക്കിപ്പുറം കാര്‍ പഴഞ്ചനായി തുടങ്ങിയില്ലേ എന്നൊരു സംസാരം വിപണിയില്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ചില മാറ്റങ്ങള്‍ ഇക്കാലയളവില്‍ വരുത്തിയിരുന്നെങ്കിലും ഹാച്ച്ബാക്കിന്റെ രൂപത്തില്‍ പരീക്ഷണ നീക്കങ്ങളൊന്നും മാരുതി നടത്തിയില്ല.

എങ്കില്‍ ആത്തരമൊരു പരാതിയുണ്ടെങ്കില്‍ ഇനിയതും തുടച്ചു നീക്കാനുള്ള നീക്കത്തിലാണ് മാരുതി. ആള്‍ട്ടോയെ മൊത്തില്‍ ഉടച്ചു വാര്‍ത്ത് പുത്തന്‍ രൂപത്തിലാകും പുതിയ മോഡല്‍ ആള്‍ട്ടോ വിപണിയിലെത്തുക. ജാപ്പനീസ് ആഭ്യന്തര വിപണിയിലുള്ള ആള്‍ട്ടോയുടെ മാതൃകയില്‍ ആള്‍ട്ടോ 800 -നെ ഒരുക്കാനാണ് മാരുതിയുടെ തീരുമാനം. 2018 എക്സ്പോയില്‍ അവതരിച്ച കോണ്‍സെപ്റ്റ് ഫ്യൂച്ചര്‍ എസ് മോഡലും പുതുതലമുറ ആള്‍ട്ടോയ്ക്ക് പ്രചോദനമാകും.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വൈദ്യുത പവര്‍ വിന്‍ഡോ, വൈദ്യുത മിററുകള്‍ എന്നിവ മോഡലില്‍ പ്രതീക്ഷിക്കാം. 660 സിസി പെട്രോള്‍ എഞ്ചിന്‍ പതിപ്പായിരിക്കും പുതുതലമുറ ആള്‍ട്ടോയിലെ മുഖ്യവിശേഷം. എഞ്ചിന്‍ ശേഷി കുറച്ചു മൈലേജ് കൂട്ടാനാണ് മാരുതിയുടെ തീരുമാനം.