ഇന്ത്യയില്‍ നിന്ന് രണ്ട് മോഡലുകളെ തിരിച്ച് വിളിക്കാനൊരുങ്ങി ഡുക്കാട്ടി

ഇന്ത്യയില്‍ നിന്ന് രണ്ട് മോഡലുകളെ തിരിച്ച് വിളിക്കാനൊരുങ്ങി ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ഡുക്കാട്ടി. സൂപ്പര്‍സ്പോര്‍ട്, സൂപ്പര്‍സ്പോര്‍ട് എസ് എന്നീ മോഡലുകളെയാണ് കമ്പനി തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നത്. ഹോസിലുണ്ടായ നിര്‍മ്മാണപ്പിഴവാണ് ബൈക്കുകളെ തിരിച്ചുവിളിക്കാന്‍ കാരണം. സൂപ്പര്‍സ്പോര്‍ട്, സൂപ്പര്‍സ്പോര്‍ട് ബൈക്കുകളുടെ തിരിച്ചുവിളിക്കല്‍ സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത ഉപരിതല മന്ത്രാലയത്തിന് ഡുക്കാട്ടി ഇന്ത്യ കത്തയച്ചു.

നേരത്തെ അമേരിക്കന്‍ വിപണിയില്‍ വിറ്റുപോയ സൂപ്പര്‍സ്പോര്‍ട്, സൂപ്പര്‍സ്പോര്‍ട് എസ് മോഡലുകളെ കമ്പനി തിരികെ വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ മോഡലുകളെ പ്രശ്നസാധ്യത കണക്കിലെടുത്ത് ഡുക്കാട്ടി തിരിച്ച് വിളിക്കുന്നത്. എക്സ്ഹോസ്റ്റ് സംവിധാനത്തോടു ചേര്‍ന്നു ഒരുങ്ങിയ ഹോസിലാണ് നിര്‍മ്മാണപ്പിഴവ്. എക്സ്ഹോസ്റ്റ് സംവിധാനത്തില്‍ നിന്നുള്ള ചൂടില്‍ ഹോസ് ഉരുകി പോകുന്ന കാര്യം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഈ പ്രശ്നം കാരണം ബൈക്കിന് തീപിടിച്ച സംഭവങ്ങള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മോഡലുകളെ കമ്പനി അടിയന്തരമായി തിരിച്ചുവിളിച്ചത്. അമേരിക്കയില്‍ 1,431 മോഡലുകളിലാണ് നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയത്. തിരിച്ചുവിളിക്കല്‍ നടപടി വ്യക്തമാക്കിയുള്ള ഔദ്യോഗിക പ്രസ്താവന കമ്പനി പുറത്തിറക്കുമ്പോള്‍ മാത്രമേ ഇന്ത്യയില്‍ എത്ര ബൈക്കുകളെ പ്രശ്‌നം ബാധിച്ചു എന്ന് വ്യക്തമാകു.