ജിഎസ്ടി: ബിജെപിയുടെ 30 വെള്ളിക്കാശിന് ബലി നല്‍കേണ്ടതോ ഇടത് നയം?  

September 8, 2017, 12:00 pm
ജിഎസ്ടി: ബിജെപിയുടെ 30 വെള്ളിക്കാശിന് ബലി നല്‍കേണ്ടതോ ഇടത് നയം?  
Spotlight
Spotlight
ജിഎസ്ടി: ബിജെപിയുടെ 30 വെള്ളിക്കാശിന് ബലി നല്‍കേണ്ടതോ ഇടത് നയം?  

ജിഎസ്ടി: ബിജെപിയുടെ 30 വെള്ളിക്കാശിന് ബലി നല്‍കേണ്ടതോ ഇടത് നയം?  

ചരക്കു സേവന നികുതി അഥവാ ജിഎസ്ടി നിലവില്‍ വന്നത് നികുതി രംഗത്ത് വന്ന ഒരു പരിഷ്‌കരണം എന്ന രീതിയില്‍ ചര്‍ച്ച ചെയ്യുന്നതു ശരിയല്ല. കാരണം ഇതിന്റെ രാഷ്ട്രീയ മാനങ്ങള്‍ സാമ്പത്തിക വരവ് ചെലവ് കണക്കുകള്‍ക്ക് അപ്പുറത്താണ്. ഈ നീക്കത്തിന് പിന്തുണ നല്‍കുക വഴി ഇടതുപക്ഷം നടത്തിയത് രാഷ്ട്രീയ ആത്മഹത്യയാണ്.

ജിഎസ്ടിക്കായി നടത്തിയ ഭരണഘടനാ ഭേദഗതികള്‍ 246(A), 269(A), 279(A) എല്ലാം ഭരണഘടനയുടെ അടിസ്ഥാനശിലയെ തന്നെ ചോദ്യം ചെയ്യുന്നതും രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കുന്നതുമാണ്. നിയമനിര്‍മ്മാണത്തിനുള്ള അവകാശം പാര്‍ലമെന്റിനും സംസ്ഥാനങ്ങള്‍ക്കും തമ്മില്‍ വീതം വെയ്ക്കുന്നതാണ് നമ്മുടെ ഭരണഘടനയുടെ സത്തയെന്ന് അംബേദ്ക്കര്‍ അഭിപ്രായപ്പെടുന്നു.

The basic principle of federalism is that the legislative and executive authority is partitioned between the centre and the states not by any law to be made by the the centre but by the constitution itself. This is what constitution does- B R Ambedkar in Constitutent Assembly

ഏതൊക്കെ സാധനങ്ങള്‍ക്ക് എത്ര നികുതി ചുമത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുമ്പോള്‍ വികസനം സംബന്ധിച്ച സംസ്ഥാനത്തിന്റെ കാഴ്ച്ചപ്പാട് നടപ്പിലാക്കാനുള്ള അവകാശമാണ് യഥാര്‍ത്ഥത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് ഇന്ന് കേന്ദ്രത്തിന് അടിയറവെച്ചിരിക്കുന്നു എന്നുമാത്രമല്ല ജിഎസ്ടി കൗണ്‍സില്‍ എന്ന ഒരു ഭരണഘടനേതര (Extra constitutional) സ്ഥാപനത്തിന് ഈ അധികാരം കൈമാറിയിരിക്കുന്നു. Union list, State list, Concurrent list കൂടാതെ ഭണഘടന വിഭാവനം ചെയ്യാത്ത ഒരു ജിഎസ്ടി കൗണ്‍സില്‍ ലിസ്റ്റ് നിലവില്‍ വന്നിരിക്കുന്നു. ഇതോടെ രണ്ട് പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഭരണസമ്പ്രദായത്തില്‍ വന്നിരിക്കുന്നു.

ഒന്ന് രൂപകല്‍പനയില്‍ മറ്റൊന്ന് പ്രയോഗത്തില്‍. ജിഎസ്ടി കൗണ്‍സിലിന്റെ രൂപകല്‍പനയില്‍ തന്നെ കേന്ദ്രത്തിന് അമിതാധികാരമുള്ളതും എതാണ്ട് വീറ്റോ പവര്‍ ഉള്ളതുമായ രീതിയിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രയോഗത്തില്‍ ഇനി കാണാന്‍ പോകുന്നത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവിശുദ്ധ സംഘംചേരലാണ്. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ തന്നെ പലപ്പോഴും നമ്മുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ വളര്‍ന്നിട്ടുണ്ട്. തങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത വിഷയങ്ങളില്‍ വോട്ട് ചെയ്യുന്നതിന് സംസ്ഥാനങ്ങള്‍ ലോബിയിങ്ങിനും സംഘം ചേരലിനും വിധേയരായാല്‍ അത് പുതിയ തലവേദനകള്‍ സൃഷ്ടിക്കും. അല്ലാതെ വിഷയത്തെ അതിന്റെ മെരിറ്റില്‍ പരിഗണിച്ച് വോട്ട് രേഖപ്പെടുത്തുമെന്ന് കരുതാന്‍ വയ്യ. ഉദാഹരണത്തിന് ന്യൂക്ലിയര്‍ പരീക്ഷണം സംബന്ധിച്ച സിടിബിടി (CTBT) കരാറില്‍ ഭാരതം ഒപ്പുവെയ്ക്കണോ എന്ന ചര്‍ച്ചയില്‍ ‘ബംഗാള്‍ പാക്കേജ് ലഭിക്കുന്നതനുസരിച്ച തീരുമാനിക്കാം’ എന്നു പറഞ്ഞ രാഷ്ട്രീയ നേതാക്കളാണ് ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്.

സ്വകാര്യത മൗലികാവകാശമാണ് എന്ന് വ്യക്തമാക്കിയ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഒരുകാര്യം വീണ്ടും അടിവരയിടുന്നു. ഭരണഘടനയുടെ അന്തസത്തയെ ഭൂരിപക്ഷം കൊണ്ട് തിരുത്തിക്കുറിക്കാന്‍ ആവില്ല. 2016 ഡിസംബര്‍ 11 സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിച്ചത് നികുതി ചുമത്താനുള്ള അധികാരത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിനൊപ്പം പരമാധികാരം ഉണ്ടെന്നാണ്. ജിഎസ്ടി യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ ഫെഡറലിസം എന്ന അന്തസസത്തയെ തിരുത്തി അധികാര കേന്ദ്രീകരണം നടത്തുന്നു ഒന്നാണ്.

ചെങ്കോട്ടയിലെ ചെങ്കൊടി ഒരു വിദൂര സ്വപ്നമാണ് എന്നറിയാവുന്ന ഇടതുപക്ഷം സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് കേന്ദ്രത്തിന് കൈമാറുന്നതിന് ഓശാന പാടിയത് വിചിത്രമാണ്. അധികാര വികേന്ദ്രീകരണത്തെ കുറിച്ച് വാതോരാതെ സംസാരിച്ചവര്‍ തന്നെ ഈ കേന്ദ്രീകരണത്തിന്റെയും വക്താക്കളായി. സിപിഐഎമ്മിന്റെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പാസാക്കിയ രാഷ്ട്രീയ അടവുനയരേഖയില്‍ എന്തുകൊണ്ട് ഇനി യുണൈറ്റഡ് ഫ്രണ്ട് തുടങ്ങിയ മൂന്നാം ബദലിനു ശ്രമിക്കുന്നില്ല എന്ന് പറയുന്നുണ്ട്. ശക്തികുറഞ്ഞ സംസ്ഥാനങ്ങളില്‍ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ചേര്‍ന്ന് നില്‍ക്കുമ്പോള്‍ അവരുടെ സാമ്പത്തിക നയങ്ങളും അഴിമതിയും തുറന്നെതിര്‍ക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഒറ്റയ്ക്ക് നിന്ന് ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടിയുടെ തനതു ശക്തി വര്‍ദ്ധിപ്പിക്കുക, ശക്തിയുള്ള സംസ്ഥാനത്ത് ഭരണം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കണം എന്നുമായിരുന്നു. ഇവിടെ ഒരു സഖ്യവും ഇല്ലാതിരുന്നിട്ടും ബിജെപിയുടെ മുപ്പത് വെള്ളിക്കാശിന് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ ബലികഴിച്ചും സംസ്ഥാന ഭരണത്തിലൂടെ ലഭിക്കുമായിരുന്ന രാഷ്ട്രീയ ഇടത്തിന്റെ വിസ്തൃതി വല്ലാതെ വെട്ടിച്ചുരുക്കി. നമ്മള്‍ എതിര്‍ത്താലും നടപ്പിലായേനെ എന്നത് രാഷ്ട്രീയ പോരാട്ടം ഉപേക്ഷിക്കുന്നതിന് കാരണമല്ല. ‘There is no alternative’ എന്നത് പുതിയ മന്ത്രമല്ലല്ലോ.

ഒരു നികുതി എന്നതിനു പകരം പല നിരക്കുകള്‍ ഏര്‍പ്പെടുത്തിയതിനും ക്രോസ് സബ്സിഡി (Cross subsidy) സ്വഭാവമുണ്ടെന്ന് പറയാമെങ്കിലും പരോക്ഷ നികുതി എന്നത് regressive taxing ആണ്. എല്ലാ ഉപഭോക്താക്കളും നികുതി നല്‍കുക. വരുമാന നികുതിയാകട്ടെ ഒരുതരം ക്രോസ് സബ്‌സിഡിയും (cross subsidy). 2010ന് ശേഷം രാജ്യത്ത് പരോക്ഷ നികുതിയുടെ പങ്ക് 6 ശതമാനം ഉയര്‍ന്നു. പ്രത്യക്ഷ നികുതി പിരിക്കുക എന്നത് മാറി എല്ലാവരെയും നികുതിദായകരാക്കുക എന്നതായി ലക്ഷ്യം. ഇത് ത്വരിതപ്പെടുത്തുന്നതാണ് ജിഎസ്ടി. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി 5 ശതമാനം കുറച്ചു. എന്നാല്‍ നികുതി വരുമാനം കൂടുമെന്ന് കണക്കുകൂട്ടുകയും ചെയ്യുന്നു. ഈ കാരണത്താലും ഇടതുപക്ഷം ഈ നികുതി ഘടനയെ എതിര്‍ക്കേണ്ടതായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി പരസ്യം  
കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി പരസ്യം  

മാത്രമല്ല തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിന്റെ പ്രചാരത്തിനുള്ള ഒരു വലിയ അവസരമാണ് ഇടതുപക്ഷം നഷ്ടപ്പെടുത്തിയത്. മുതലാളിത്തം വലിയ ഒരു പ്രതിസന്ധിയെ നേരിടുന്നു. ആഗോള ഗ്രാമത്തെ പറ്റി വാചാലരായവര്‍ തങ്ങളടെ രാജ്യത്തിനു ചുറ്റും മതില്‍ കെട്ടുന്നതിനേക്കുറിച്ചാണ്‌ ഇപ്പോള്‍ സംസാരിക്കുന്നത്. തൊഴിലില്ലായ്മ ഇന്ന് അമേരിക്കയുടെ തലവേദനയാണ്. സാമ്പത്തിക മാന്ദ്യം വിട്ടുമാറുന്നില്ല. ഉത്തേജക പാക്കേജുകള്‍കൊണ്ട് ഇതിനെ തടുക്കാനാവുന്നില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റ് ആരംഭിക്കുന്നതു തന്നെ ആഗോളവത്കരണത്തില്‍നിന്നുള്ള പലരുടെയും പിന്മാറ്റം ഉയര്‍ത്തുന്ന വെല്ലുവിളി പരാമര്‍ശിച്ചുകൊണ്ടാണ്. ഇപ്പോള്‍ ജിഎസ്ടിയുടെ ഭാഗമായി അമിത വില ഈടാക്കുന്നതു തടയാന്‍ ഒരു Anti Profiteering Authortiy രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. സ്വതന്ത്ര വിപണി തിയറി പൊളിഞ്ഞു എന്ന് അതിന്റെ വക്താക്കള്‍ തന്നെ സമ്മതിക്കുകയും വ്യാപാരികള്‍ സംഘം ചേര്‍ന്ന് അമിത വില ഈടാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ് എന്ന് അംഗീകരിക്കുകയും ചെയ്ത ഘട്ടം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു വേണ്ടത്. ഈ രാഷ്ട്രീയ പ്രചരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയുമാണ് പാര്‍ട്ടിയുടെ തനത് ശക്തി വര്‍ധിപ്പിക്കേണ്ടത്. ഇതാണ് അടവുനയം പറയുന്നത്. പക്ഷെ അതിന് കടലാസിന്റെ വില പോലും നല്‍കിയില്ല. തെറ്റായ സാമ്പത്തിക നയങ്ങളെ അതിന്റെ വക്താക്കള്‍ തെറ്റ് അംഗീകരിച്ച് നില്‍ക്കുന്ന അവസരത്തില്‍ തുറന്നു കാട്ടാനുള്ള അവസരം ഇടതുപക്ഷം കളഞ്ഞുകുളിച്ചു. എഐഎഡിഎംകെയും അവരുടെ എംപിയായ നവനീത് കൃഷ്ണനും മാത്രമാണ് അല്‍പമെങ്കിലും അതിന് ശ്രമിച്ചത് എന്നത് നമ്മുടെ ഇടതുപക്ഷത്തിന്റെ ക്ഷയം വ്യക്തമാക്കുന്നു.

ജിഎസ്ടി നടപ്പിലാക്കിയ ഒരു രാജ്യത്തും വില കുറഞ്ഞിട്ടില്ല. പണപ്പെരുപ്പം വര്‍ധിച്ചിട്ടേയുള്ളൂ. നികുതിയുടെ cascading effect ഒഴിവാക്കപ്പടുന്നതുകൊണ്ട് ഈ ഇളവ് ഉപഭോക്താവിന് കൈമാറും എന്നത് അസംഭാവ്യമാണ്. അങ്ങനെയങ്കില്‍ VAT ഏര്‍പ്പെടുത്തിയപ്പോള്‍ വിലകുറയേണ്ടതാണ്. ജിഎസ്ടി നടപ്പിലാകുമ്പോള്‍ വാറ്റ് നടപ്പിലാക്കിയ അനുഭവത്തില്‍നിന്ന് പഠിച്ച് സിഎജി നല്‍കിയ പഠന റിപ്പോര്‍ട്ടുണ്ട്. 13 നിര്‍മ്മാതാക്കളുടെ മൂന്ന് മാസത്തെ ക്രയവിക്രയം പഠിച്ച സിഎജി, ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട 40 കോടി രൂപ വ്യാപാരികള്‍ കൈക്കലാക്കിയതാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. 15 സംസ്ഥാനങ്ങളിലെ 2614 നികുതി റിട്ടേണുകള്‍ പരിശോധിച്ച് 873 കോടി രൂപയുടെ നികുതിവെട്ടിപ്പ് സിഎജി വെളിപ്പെടുത്തുന്നു. 23ല്‍ 10 സംസ്ഥാനങ്ങളില്‍ നികുതി ദായകരുടെ എണ്ണം വര്‍ധിപ്പിച്ചപ്പോഴും നികുതി പരിവ് VAT ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞു.

അമിതാഭ് ബച്ചന്‍ ജിഎസ്ടി പരസ്യത്തില്‍ 
അമിതാഭ് ബച്ചന്‍ ജിഎസ്ടി പരസ്യത്തില്‍ 

Anti Profiteering വ്യവസ്ഥ വെറും കണ്ണില്‍ പൊടിയിടാന്‍ മാത്രം ഉതകുന്ന ഒന്നാണ്. നികുതി ഇളവു ലഭിക്കുന്നതിന് തത്തുല്യമായ ഇളവ് ഉപഭോക്താക്കള്‍ക്ക് നല്‍കണം എന്ന ഉപദേശം മാത്രമാണ് ഈ വ്യവസ്ഥ. അമിതലാഭം ഉണ്ടോ എന്ന് എങ്ങനെ തീരുമാനിക്കുമെന്നോ, ആര് തീരുമാനിക്കുമെന്നോ, എന്ത് ശിക്ഷ എന്നോ വ്യവസ്ഥയില്ലില. CGST ആക്ടില്‍ പറയാത്ത വ്യവസ്ഥ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയതു കൊണ്ട് നടപ്പിലാക്കാനാവില്ല എന്ന് ഇത് ചെയ്തവര്‍ക്ക് തന്നെ അറിയാം. Excessive Delegation നിലനില്‍ക്കില്ല എന്ന് സുപ്രിം കോടതി വ്യക്തമാക്കിയതാണ്. സിക്കിം ലോട്ടറി ചട്ടങ്ങള്‍ വിതരണക്കാര്‍ക്ക് നറുക്കെടുപ്പിന് 2000 രൂപ വീതം പിഴ തീരുമാനിച്ചത് ലോട്ടറി റഗുലേഷന്‍ ആക്ട് 1995ല്‍ പറയാത്തതാണ് എന്ന കാരണത്താല്‍ സുപ്രീം കോടതി റദ്ദാക്കി.

സപ്ലൈ ചെയിനിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ വ്യാപാരിയാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ നികുതി ക്രെഡിറ്റ് ഉപയോഗപ്പെടുത്തുകയും അല്പം വില കുറച്ച് സാമഗ്രികള്‍ വില്‍ക്കാനാവുകയും ചെയ്യും. ചെക്‌പോസ്റ്റ് ഒഴിവാക്കുന്നത് വലിയ ട്രക്കുകളിലുള്ള ചരക്ക് ഗതാഗതത്തെ താമസിപ്പിക്കുകയും ഇല്ല. ജിഎസ്ടി വാള്‍മാര്‍ട്ട് തുടങ്ങിയ മള്‍ട്ടി പ്രോഡക്ട് റീട്ടെയില്‍ ജയന്റുകള്‍ക്ക് കളം സജ്ജമാക്കിയിരിക്കുന്നു. എത്രയും പെട്ടെന്ന് ഇനി അവര്‍ നമ്മുടെ വിപണി ഏറ്റെുക്കും എന്നാണ് കരുതുന്നത്. കര്‍ഷകര്‍ക്ക് അല്‍പം ഉയര്‍ന്ന വിലയും ഉപഭോക്താക്കള്‍ക്ക് അല്‍പം കുറഞ്ഞ വിലയും ലഭിക്കാം. വ്യാപാര സമൂഹം പിടിച്ചുനില്‍ക്കാനാവാതെ ഉഴലും. പാതയൊരുക്കാന്‍ കൂട്ടുനിന്ന ശേഷം ഈ റീട്ടെയില്‍ ഭീമന്മാരെ ഇന്ത്യയിലെ ഇടതുപക്ഷം എന്തുപറഞ്ഞ് എതിര്‍ക്കും.

Informal sector ന്റെ നില അതീവ ദയനീയമാണ്. ഈ സാഹചര്യത്തിലാണ് ഇവരോട് വമ്പന്മാരുമായി മല്‍സരത്തില്‍ ഏര്‍പ്പെടാന്‍ ജിഎസ്ടി ആവശ്യപ്പെടുന്നത്. ഇവയൊക്കെ ലക്ഷ്യബോധമില്ലാതെ എന്തൊക്കെയോ ചെയ്യുന്നതായി കാണുന്നത് ശരിയല്ല. വളരെ ആസൂത്രിതമായി സ്വന്തം ജനങ്ങളെ കൊലയ്ക്ക് കൊടുത്ത് കോര്‍പ്പറേറ്റ് ഭീകരന്മാരെ കുടിയിരുത്തുന്ന സാമ്പത്തിക പ്രവൃത്തിയായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ. നോട്ടുനിരോധനം രാജ്യത്തെ informal sector ന്റെ നട്ടെല്ല് ഒടിച്ചുകഴിഞ്ഞു. നമ്മള്‍ കാണുന്ന ജിഡിപിയുള്‍പ്പെടെയുള്ള കണക്ക് വ്യവസ്ഥാപിത മേഖലയിലുണ്ടായ ഇടിവാണ്.

ജിഎസ്ടിയുടെ നേട്ടമായി ചൂണ്ടിക്കാട്ടുന്ന പലതും കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഫലമായുള്ളതാണ്. ഉദാഹരണം ചെക് പോസ്റ്റ് ഒഴിവാക്കല്‍. എന്നാല്‍ ഭരണം എന്നത് രാഷ്ട്രീയവും നയവും മുന്നോട്ടു കൊണ്ടുപോകാനുള്ള ഉപാധിയാണ് എന്ന് പഠിപ്പിച്ച ഇടതുപക്ഷം സംസ്ഥാനത്തിന് സാമ്പത്തിക ലാഭമുണ്ടാകും എന്ന കാരണം പറഞ്ഞ് രാഷ്ട്രീയ പോരാട്ടവും സംസാരവും ചിന്തയും ഉപേക്ഷിച്ചത് ആത്മഹത്യാപരമാണ്.