തോക്കുകള്‍ നിശബ്ദമാകുന്നില്ല 

September 6, 2017, 2:01 pm
തോക്കുകള്‍ നിശബ്ദമാകുന്നില്ല 
Editorial
Editorial
തോക്കുകള്‍ നിശബ്ദമാകുന്നില്ല 

തോക്കുകള്‍ നിശബ്ദമാകുന്നില്ല 

1948ല്‍ തോക്കുകള്‍ പറഞ്ഞു തുടങ്ങിയ കഥ അവസാനിക്കുന്നില്ല. ധബോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി- ഇപ്പോഴിതാ ഗൗരി ലങ്കേഷ്.

കല്‍ബുര്‍ഗിയുടെ വധവുമായി ഗൗരിയുടെ വധത്തിന് നല്ല സാമ്യമുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കല്‍ബുര്‍ഗിയുടെ ഘാതകരെ പിടികൂടാന്‍ കര്‍ണാടക പൊലീസിനു കഴിഞ്ഞിട്ടില്ല. മൂന്ന് കൊലപാതകങ്ങളിലെ തോക്കിന്റെ സമാനതയാണ് പൊലീസ് കണ്ടെത്തിയത്. സമാനത തോക്കുകള്‍ക്കല്ല, പ്രത്യയശാസ്ത്രത്തിനാണ്. വ്യത്യസ്തമായ നിലപാടുകളെ നിഗ്രഹിക്കുന്നതിന് പ്രേരകമായ കാലാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. തീവ്രഹിന്ദുത്വവാദവും മിതഹിന്ദുത്വവാദവും പരസ്പരം മത്സരിക്കുന്ന കര്‍ണാടകയില്‍ നൃശംസതയുടെ കാലാവസ്ഥ പ്രബലപ്പെടുന്നത് സ്വാഭാവികം. അബ്ദുന്നാസര്‍ മഅദനിയോടുള്ള സമീപനത്തില്‍ ഈ മത്സരം വ്യക്തമാണ്. മതമേതായാലും ഭീകരത പൊറുക്കാനാവില്ല.

ചേകന്നൂര്‍ മൗലവിയുടെ വധത്തിന് തിരോധാനം എന്നാണ് പേരിട്ടിരിക്കുന്നത്. മൃതദേഹംപോലും കിട്ടിയില്ല. കെ പി രാമനുണ്ണിക്ക് ലഭിച്ച വധഭീഷണി ലഘുവായി കാണാന്‍ കഴിയില്ല. വ്യക്തിയുടെ ജീവന്‍ സംരക്ഷിക്കുന്നതിന് ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള ഭരണകൂടമാണ് ബീഫിന്റെ പേരിലായാലും മറ്റേതെങ്കിലും കാരണത്തിന്റെ പേരിലായാലും മനുഷ്യരെ കൊന്നുതള്ളുന്ന കുടിലതയെ പ്രോത്സാഹിപ്പിക്കുന്നത്. ആത്യന്തികമായി നിഗ്രഹിക്കപ്പെടുന്നത് ജനാധിപത്യമാണ്.

വ്യത്യസ്തമായ ചിന്തയാണ് സ്വതന്ത്രചിന്ത. വ്യത്യസ്തയുടെ വേരുകള്‍ പിഴുതെടുക്കാനുള്ളതല്ല. ആഴത്തിലോടാന്‍ അവയെ അനുവദിക്കണം. ഭീരുവിന്റെ തോക്ക് ധീരന്റെ ശബ്ദത്തിന് പകരമാവില്ല. തോക്കുകള്‍ നിശബ്ദമാകുമ്പോഴാണ് ജനാധിപത്യത്തിന്റെ ശബ്ദം ഉയരുന്നത്. ആ ശബ്ദമാണ് നിലനില്‍ക്കേണ്ടത്. കൂട്ടക്കൊലകള്‍ സമൂഹ മനസിനെ നടുക്കുകയും ഒറ്റപ്പെട്ട കൊലകളെ ഒറ്റപ്പെട്ടതായി കാണുകയും ചെയ്യുന്ന രീതി ശരിയല്ല. ഫാഷിസം ഏതു രൂപത്തില്‍ വന്നാലും തിരിച്ചറിയണം. ജാഗ്രത പ്രതിരോധത്തിന്റെ ഭാഗമാണ്.