പ്രകാശ് രാജിനെ ഇന്റര്‍വ്യൂ ചെയ്ത് റിപ്പബ്ലിക്ക് ടിവി കുടുങ്ങി; കൊലയുടെ അന്തരീക്ഷം കടത്തിവിടുന്നതാരാണെന്ന് ചോദിച്ച നടനോട് രാഷ്ട്രീയം പറയരുതെന്ന് ചാനല്‍  

September 7, 2017, 6:06 pm
പ്രകാശ് രാജിനെ ഇന്റര്‍വ്യൂ ചെയ്ത് റിപ്പബ്ലിക്ക് ടിവി കുടുങ്ങി; കൊലയുടെ അന്തരീക്ഷം കടത്തിവിടുന്നതാരാണെന്ന് ചോദിച്ച നടനോട് രാഷ്ട്രീയം പറയരുതെന്ന് ചാനല്‍  
Media
Media
പ്രകാശ് രാജിനെ ഇന്റര്‍വ്യൂ ചെയ്ത് റിപ്പബ്ലിക്ക് ടിവി കുടുങ്ങി; കൊലയുടെ അന്തരീക്ഷം കടത്തിവിടുന്നതാരാണെന്ന് ചോദിച്ച നടനോട് രാഷ്ട്രീയം പറയരുതെന്ന് ചാനല്‍  

പ്രകാശ് രാജിനെ ഇന്റര്‍വ്യൂ ചെയ്ത് റിപ്പബ്ലിക്ക് ടിവി കുടുങ്ങി; കൊലയുടെ അന്തരീക്ഷം കടത്തിവിടുന്നതാരാണെന്ന് ചോദിച്ച നടനോട് രാഷ്ട്രീയം പറയരുതെന്ന് ചാനല്‍  

നടനും കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സുഹൃത്തുമായ പ്രകാശ് രാജിനോട് അഭിമുഖം നടത്തിയ റിപ്പബ്ലിക് ചാനല്‍ വെട്ടിലായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സംഘ്പരിവാറിനെയും ലക്ഷ്യമിട്ട് പ്രകാശ് രാജ് രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. ശരിയായ ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ നമുക്ക് കഴിയുന്നില്ലെന്നും കൊലയുടെ അന്തരീക്ഷം ആരാണ് നമ്മുടെ ജീവിതത്തിലേക്ക് കടത്തിവിട്ടതെന്നും നടന്‍ ചോദിച്ചു. എന്നാല്‍ രാഷ്ട്രീയവല്‍ക്കരുതെന്നായിരുന്നു റിപ്പബ്ലിക് റിപ്പോര്‍ട്ടറുടെ ആവശ്യം.

പ്രകാശ് രാജ് എതിര്‍ സ്വരമുയര്‍ത്തുന്നവര്‍ കൊല്ലപ്പെടുന്നതിനേക്കുറിച്ചും അതിന്റെ ഭീകരതയേക്കുറിച്ചും സംസാരിച്ചപ്പോഴെല്ലാം ഇടയില്‍ കയറി ഗതി തിരിച്ചുവിടാനാണ് ചാനല്‍ റിപ്പോര്‍ട്ടര്‍ ശ്രമിച്ചത്. ഗൗരിയെ കൊലപ്പെടുത്തിയ ഭീരുക്കള്‍ ആരായാലും എതിര്‍ ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തിലാകുമെന്ന സന്ദേശം അവരില്‍ എത്തിയിട്ടുണ്ടെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

ഗൗരി ലങ്കേഷിന്റെ ഭൗതിക ശരീരം പൂര്‍ണ ബഹുമതികളോടെ സംസ്‌കരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അവര്‍ ബെംഗംളുരുവില്‍ എത്രമാത്രം ബഹുമാനിക്കപ്പെട്ടിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.

അതെ.. ഇത്തരം കൊലപാതകങ്ങള്‍ അസാധാരണമാണ്. ഇതും കല്‍ബുര്‍ഗിയുടേതും. ഗൗരിയുടെ അച്ഛന്‍ ലങ്കേഷ് ഞങ്ങളുടെ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി ഗൗരി എന്റെ സുഹൃത്താണ്. ലങ്കേഷ് കൂടുതല്‍ കരുത്തനും ഉറക്കെ ശബ്ദിക്കുന്നയാളുമായിരുന്നു. ലങ്കേഷുണ്ടായിരുന്നു, തേജസ്വി, ടി ആര്‍ നാഗരാജ്, യു ആര്‍ അനന്തമൂര്‍ത്തി. പക്ഷെ ഞങ്ങള്‍ ഇത്രയും അസ്വസ്ഥതയും അസഹിഷ്ണുതയും കണ്ടിട്ടില്ല.

നിങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നത് പ്രകാശ്?

നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്?

ഈ കൊലപാതകത്തിന് പ്രത്യേക ഉദ്ദേശമുള്ളതായി നിങ്ങള്‍ കരുതുന്നുണ്ടോ?

ഉറപ്പായും. ഒരു ശബ്ദം അടിച്ചമര്‍ത്താന്‍, ഇല്ലാതാക്കാന്‍.. ആ ശബ്ദം കൂടുതല്‍ ഉച്ചത്തിലാകുമെന്ന് ഇന്ന് തെളിഞ്ഞു. ഒരു ശബ്ദം ഇങ്ങനെ ഇല്ലാതാക്കാന്‍ കഴിയില്ല. ഇത് ചെയ്തവര്‍ ആരാണെങ്കിലും പൊലീസ് അവരെ പിടികൂടേണ്ടതാണ്. പക്ഷെ ഒരു രാജ്യമെന്ന നിലയില്‍ പൗരന്‍ എന്ന നിലയില്‍ ഭരണാധികാരികളെ തീരുമാനിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ആരാണ് നയങ്ങള്‍ നിര്‍മ്മിക്കുന്നത്? ഇത്തരം അന്തരീക്ഷം നമ്മുടെ ജീവിതത്തിലേക്ക് കടത്തിവിടുന്നത്?

ഇത് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള സമയമല്ല. നമുക്ക് ഒരു മാധ്യമപ്രവര്‍ത്തകയെ നഷ്ടപ്പെട്ടു.

ഞാന്‍ രാഷ്ട്രീയവല്‍ക്കരിക്കുകയല്ല.

പലരും പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ വധവുമായി ഇതിനെ ബന്ധപ്പെടുത്തുന്നുണ്ട്. സമാനതകളുണ്ടെന്ന് താങ്കളും കരുതുന്നുണ്ടോ? ആ കേസുകളില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. പക്ഷെ നടപ്പാക്കിയ രീതി ഒന്നു തന്നെയാണെന്ന്?

അതു തന്നെയാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആ ഭീരുക്കള്‍ ആരായാലും അടങ്ങാതെ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. യുക്തിസഹമായി സംസാരിക്കുന്നവര്‍ ആരാണെങ്കിലും അവരെ നിശ്ശബ്ദരാക്കാമെന്നാണ് അവര്‍ കരുതുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം, പറയാനുള്ള അവകാശം എല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്.

എന്തെങ്കിലും ഭീഷണിയുള്ളതായി ഗൗരി ലങ്കേഷ് പറഞ്ഞിരുന്നോ?

കത്തുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഗൗരിക്ക് ഭീഷണികളുണ്ടായിരുന്നു. അപരിചിതരായ കുറച്ചാളുകള്‍ പരിസരത്തുകൂടി നടക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുള്ളതായി തോന്നിയെന്നും അവള്‍ ഞായറാഴ്ച്ച പറഞ്ഞിരുന്നു. പക്ഷെ ഗൗരി സുരക്ഷ ആവശ്യപ്പെട്ടില്ല. ഇത്രയും വെറുപ്പ് വളര്‍ന്നുവരുന്നുണ്ടെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ചകിതരായിരിക്കുകയാണ്.

ഗൗരിയുടെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്?

ഞങ്ങള്‍ ഗൗരിയെ ഓര്‍ത്ത് അഭിമാനിക്കുന്നു. അച്ഛനെപ്പോലെ അവളും നേരിന്റെ ഒപ്പം നിന്ന് ശബ്ദിക്കാന്‍ ആഗ്രഹിച്ചു. എന്തുകൊണ്ടാണ് ഇത്ര ശക്തമായി നില്‍ക്കുന്നതെന്ന് സുഹൃത്തുക്കള്‍ ചോദിച്ചു. ഈ സമയത്ത് നിശ്ശ്ബദമാകുന്നതല്ല ശരിയെന്നായിരുന്നു മറുപടി. ഈ കൊലപാതകത്തിലൂടെ അവളുടെ ശബ്ദം തടയാന്‍ ശ്രമിച്ചവര്‍ക്ക് ഈ ജനക്കൂട്ടം ഒരു സന്ദേശം നല്‍കുന്നുണ്ട്. ഈ പ്രവൃത്തിയിലൂടെ ആ ശബ്ദം കൂടുതല്‍ ഉച്ചത്തിലാക്കുകയാണ് അവര്‍ ചെയ്തത്.

ഏത് ശബ്ദങ്ങള്‍?

എല്ലാ ശബ്ദങ്ങളും. നമ്മള്‍ എല്ലാവരുടെയും. അതുപോെലയുള്ള ശബ്ദങ്ങള്‍ ഇനിയും അധികമധികമായി കേള്‍ക്കപ്പെടും.

ഗൗരിയുമായി നടത്തിയ അവസാനത്തെ സംഭാഷണം എപ്പോഴായിരുന്നു?

അത് മൂന്നു ദിവസം മുമ്പായിരുന്നു. ഗൗരി എഴുതിയ ഒരു ലേഖനത്തെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇതൊരു രാഷ്ട്രീയ വിവാദമാക്കി മാറ്റി കോണ്‍ഗ്രസും ഇടതുപക്ഷവും അവസരം മുതലെടുക്കാന്‍ ശ്രമിക്കുന്നതില്‍ നിങ്ങള്‍ക്ക് വേദനയില്ലെ. ഇടതായാലും വലതായാലും ഒരു മനുഷ്യജീവനല്ലെ നഷ്ടപ്പെട്ടത്?

അവര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഞാന്‍ പറയില്ല. രാഷ്ട്രീയവല്‍ക്കരിച്ചാലും ജനങ്ങള്‍ ആരാണ് നുണപറയുന്നതെന്ന് തിരിച്ചറിയും. ആരാണ് ചെയ്തതെന്ന് കണ്ടുപിടിക്കുകയാണ് നമുക്ക് വേണ്ടത്.